Inauguration of Travancore Palace: Excerpts from the Speech of Chief Minister Pinarayi Vijayan

Inauguration of Travancore Palace: Excerpts from the Speech of Chief Minister Pinarayi Vijayan

05-08-2023

Inauguration of Travancore Palace: Excerpts from the Speech of Chief Minister Pinarayi Vijayan


നവീകരിച്ച തിരുവിതാംകൂർ ഹൗസ് സന്തോഷപൂർവ്വം ഉദ്ഘാടനം ചെയ്യട്ടെ. കേരളീയ സാംസ്‌കാരികതയുടെ കേന്ദ്രമായി ഈ സ്ഥാപനം ഇനി ഡൽഹിയിൽ പരിലസിക്കും. 
ഇന്ത്യയിൽ രാജഭരണം ജനാധിപത്യ ഭരണത്തിലേക്കു മാറിയപ്പോൾ കൈവന്ന ചില കാര്യങ്ങളുണ്ട്. അതിൽപ്പെടും ട്രാവൻകൂർ ഹൗസും കപൂർത്തല പ്ലോട്ടും. മറ്റൊരു ഭരണവ്യവസ്ഥയിൽ നിന്നു കൈമാറിക്കിട്ടുന്നവയെ എങ്ങനെ ഉപയോഗിക്കണമെന്ന ചോദ്യത്തിനുള്ള മറുപടിയാവും ട്രാവൻകൂർ ഹൗസിന്റെ ഇനിയുള്ള പ്രവർത്തനങ്ങൾ.
രാജഭരണകാലത്തു നിന്നു കിട്ടിയവയെ അങ്ങനെതന്നെ വേണമെങ്കിൽ നിലനിർത്താം. കാലികമായി പുതുക്കി കാലോചിതമായി വ്യാഖ്യാനിച്ച് അവതരിപ്പിക്കുകയും ചെയ്യാം. രണ്ടാമത്തെ വഴിയാണു നമ്മൾ തെരഞ്ഞെടുത്തത്. മാറുന്ന കേരളത്തിന്റെ പ്രതീകമായി നിൽക്കും ഇത്. കേരളീയ ജീവിതത്തിന്റെ ബഹുസ്വരത ഇവിടെ പ്രതിഫലിക്കും. കേരളത്തിന്റെ മൗലികമായ സത്തയുടെ പ്രകാശനം ഇവിടെ എപ്പോഴുമുണ്ടാവും.
സാമൂഹികവും സാംസ്‌കാരികവുമായ ബഹുസ്വരതയ്ക്ക്, അതിന്റെ സംരക്ഷണത്തിന് വർദ്ധിച്ച പ്രാധാന്യമുള്ള കാലത്താണു നമ്മൾ കഴിയുന്നത്. ബഹുവർണ്ണശബളമായ സാംസ്‌കാരിക വൈവിധ്യത്തിനു നേർക്കു കടുത്ത ആക്രമണങ്ങളുണ്ടാവുന്ന ഘട്ടമാണിത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന്, മണിപ്പൂരിൽ നിന്നടക്കം വരുന്ന വാർത്തകൾ നമ്മളെ പൊള്ളിക്കുന്ന ഘട്ടമാണിത്. വൈവിധ്യത്തെ അംഗീകരിക്കാതിരുന്നാൽ, ഏകതാനത കൊണ്ട് എല്ലാത്തിനെയും ബലംപ്രയോഗിച്ച് ഒന്നാക്കിയാൽ എന്തുണ്ടാവുമെന്നതിന്റെ കത്തുന്ന ഉദാഹരണങ്ങളാണു നാം മണിപ്പൂരിലടക്കം കാണുന്നത്. മൈത്തി - കുക്കി വിഭാഗങ്ങൾ എത്രയോ തലമുറകളായി ഒരുമിച്ചു ജീവിച്ചവരാണ്. പാഠശാലകളിൽ, പണിശാലകളിൽ, എന്നുവേണ്ട കുടുംബങ്ങളിൽ വരെ ഒരുമിച്ചു കഴിഞ്ഞതിന്റെ സഹവർത്തിത്വ ചരിത്രമാണ് ആ നാടിനുള്ളത്. അതിനെയാകെ മനുഷ്യത്വമില്ലായ്മ കൊണ്ട്, നിഷ്ഠുരത കൊണ്ട് മായ്ച്ചുകളയുന്നതാണിന്നു നാം അവിടെ കാണുന്നത്. 
അവിടെ മാത്രമോ, രാജ്യത്തിന്റെ പല ദിക്കിലും വിദ്വേഷത്തിന്റെ പുക ഉയരുന്നതു നാം കാണുന്നു. വിവിധ ഗോത്രങ്ങൾ തമ്മിൽ, വംശങ്ങൾ തമ്മിൽ, ജാതികൾ തമ്മിൽ, മതങ്ങൾ തമ്മിൽ ഒക്കെ കത്തിപ്പടരുന്ന സംഘർഷങ്ങൾ. ഇത് സ്വയമേവ ഉണ്ടായി വരുന്നതൊന്നുമല്ല. ചിലർ രാഷ്ട്രീയ താത്പര്യങ്ങളാൽ ഉണ്ടാക്കുന്നതാണ്.
ഇങ്ങനെ വിദ്വേഷത്തിന്റെ പുകയുയരുന്ന നാടുകൾക്ക്, ജനവിഭാഗങ്ങൾക്ക് കേരളത്തിലെ ഒരുമയും സൗഹാർദ്ദവും സാഹോദര്യവും പരിചയപ്പെടുത്തിക്കൊടുക്കാൻ കഴിയണം. വിവിധ സംസ്‌കാരങ്ങളുടെ സമന്വയമാണ് കേരളീയ സംസ്‌കാരം. നമ്മുടെ മലയാള ഭാഷയുടെ കാര്യമെടുക്കാം. തമിഴും സംസ്‌കൃതവും ചേർന്നതല്ലേ അത്. ഇത്തരം ചേരുവകൾ സംസ്‌കാരത്തിൽ പ്രധാനമാണ്. സഹവർത്തിത്വമുണ്ടായാലേ ചേരുവയുണ്ടാവൂ. ആ ചേരുവയിലൂടെയാണ് ഭാഷയും സംസ്‌കാരവും സമ്പന്നമാവുന്നത്. മറിച്ചാണെങ്കിൽ അവ ഒറ്റപ്പെട്ടുപോയേക്കാം.  ബഹുവർണശബളമായ കേരളീയ സംസ്‌കാരത്തിന്റെ ചൈതന്യം പ്രസരിപ്പിക്കുന്ന സാംസ്‌കാരിക കേന്ദ്രമായി ഉയർന്നുനിൽക്കണം ഈ ട്രാവൻകൂർ ഹൗസ്. 
ഡൽഹിയിൽ കേരളത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണിലാണ് നമ്മൾ നിൽക്കുന്നത്. കേരളം ഒരു സംസ്ഥാനമായി രൂപപ്പെടുന്നതിനു മുമ്പു മുതൽ കേരളത്തിൽ സംഭവിച്ച പല മാറ്റങ്ങളും ഡൽഹിയിലും ഡൽഹിയിലെ മലയാളികൾക്കിടയിലും പ്രതിഫലിച്ചിട്ടുണ്ട്. അന്നു മുതൽ തുടങ്ങിവെച്ച മാറ്റങ്ങളിൽ ഏറ്റവും പുതിയതാണ് ഡൽഹിയിൽ കേരളത്തിനൊരു സാംസ്‌കാരിക കേന്ദ്രം ഉണ്ടാവുക എന്നത്. ട്രാവൻകൂർ പാലസിന്റെ നവീകരണം പൂർത്തിയായതോടെ ആർട്ട് എക്‌സിബിഷനുകൾക്കും മറ്റ് സാംസ്‌കാരിക പരിപാടികൾക്കും സൗകര്യമുള്ള ഇടമായി ഇത് മാറും. 
ഡൽഹിയിലെ കേരളം എന്നത് സാംസ്‌കാരിക രംഗത്തും സാഹിത്യരംഗത്തും രാഷ്ട്രീയ രംഗത്തും നിറഞ്ഞുനിൽക്കുന്ന ഒന്നാണ്. ഡൽഹി സ്വന്തം നാടാക്കിമാറ്റിയ മലയാളിയുടെ പോരാട്ടവീര്യത്തിന്റെയും ഉയിർത്തെഴുന്നേൽപ്പിന്റെയും ചരിത്രമുണ്ട് ഈ നഗരത്തിന്. രാജ്യതലസ്ഥാനമായ ഡൽഹിയുടെ രാഷ്ട്രീയ ഭൂപടത്തിലാകട്ടെ മലയാളി സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. 
സ്വാതന്ത്യലബ്ധിക്കു ശേഷം ഇന്ത്യയിൽ നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പിനെത്തുടർന്ന് കണ്ണൂർ നിയോജക മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എ കെ ജി ആയിരുന്നു പ്രതിപക്ഷ ബ്ലോക്കിന്റെ നേതാവായത്. ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധ മന്ത്രി വി കെ കൃഷ്ണമേനോനായിരുന്നു. ക്യാബിനറ്റ് സെക്രട്ടറിയായിരുന്ന വി പി മേനോൻ ഇന്ത്യയുടെ രാഷ്ട്രീയോദ്ഗ്രഥനത്തിൽ വലിയ പങ്കു വഹിച്ചയാളാണ്. ഇവരെല്ലാവരും രാജ്യതലസ്ഥാനത്തിൽ എന്നു മാത്രമല്ല, ആധുനിക ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യ എന്ന രാജ്യത്തിൽ തന്നെ മലയാളികളുടെ സംഭാവനകൾ രേഖപ്പെടുത്തിയവരാണ്. 
മലയാള സാഹിത്യചരിത്രത്തിൽ കേരളം പോലെ തന്നെ ഇടംപിടിച്ച മണ്ണാണ് ഡൽഹി. ഓംചേരിയും ഒ വി വിജയനും മുകുന്ദനും ആനന്ദും എല്ലാം ചേർന്ന് ഇതുവരെ ഡൽഹി കണ്ടിട്ടില്ലാത്ത മലയാളികളുടെ മനസ്സിൽ പോലും ഈ നഗരത്തിന്റെ രൂപരേഖ വരച്ചിട്ടു. ഡൽഹി എന്ന നഗര പശ്ചാത്തലത്തിൽ നിന്ന് ആനന്ദും ഒ വി വിജയനും കാക്കനാടനും വി കെ എന്നും മുകുന്ദനും എൻ എസ് മാധവനും സി രാധാകൃഷ്ണനും സക്കറിയയും സച്ചിദാനന്ദനും സേതുവും ഓംചേരിയുമെല്ലാം എഴുത്തിലൂടെ സൃഷ്ടിച്ചെടുത്ത ഡൽഹി മലയാളിയുടെ മനസ്സിൽ മായാത്ത ഏടുകളായി മാറി. മുകുന്ദന്റെ ഡൽഹി എന്ന നോവലിലും ഡൽഹി ഗാഥകൾ എന്ന നോവലിലും ഡൽഹി എന്ന നഗരത്തെ മലയാളി കണ്ടു. 
അതുകൊണ്ടു തന്നെ മലയാള സാഹിത്യത്തിന് പ്രത്യേകിച്ച് നോവൽ സാഹിത്യത്തിന് ഡൽഹി എന്ന നഗരത്തോട് വലിയ കടപ്പാടുണ്ട്. ഇപ്പോഴും ഡൽഹിയിൽ ആദ്യമെത്തുന്ന വായനാശീലമുള്ള മലയാളി അന്വേഷിക്കുന്നതും ഈ സാഹിത്യകാര•ാരിലൂടെ മലയാളിക്ക് പരിചിതമായ ഡൽഹിയെയാണ്. ഇവിടുത്തെ മലയാളിയെയാണ്. 
ഒട്ടനേകം സ്ഥലങ്ങളിലേക്ക് മലയാളി കുടിയേറിയിട്ടുണ്ടെങ്കിലും മലയാള സാഹിത്യത്തിനും കലാ-സാംസ്‌കാരിക പ്രവർത്തനങ്ങൾക്കും മാധ്യമ പ്രവർത്തനത്തിനുമെല്ലാം ഡൽഹി എന്ന നഗരം കേരളത്തിനും, കേരളം തിരിച്ചു ഡൽഹിക്കും നൽകിയ സംഭാവനകൾ വലുതാണ്. എ കെ ജിയുടെ നിർദ്ദേശപ്രകാരം ഓംചേരി എഴുതിയ 'ഈ വെളിച്ചം നിങ്ങൾക്കുള്ളതാകുന്നു' എന്ന നാടകവും ഡൽഹിയിലെ മലയാളി ചരിത്രത്തിന്റെ ഭാഗമാണ്. കെ സി ജോർജും ഇമ്പിച്ചി ബാവയും പി ടി പുന്നൂസും വി പി നായരും അതിൽ അഭിനയിച്ചിരുന്നു.
സ്വാതന്ത്ര്യലബ്ധിക്കു മുമ്പു തന്നെ കൊണോട്ട് പ്ലേസിൽ പ്രവർത്തിച്ചു തുടങ്ങിയ കേരള ക്ലബും പിന്നീട് ഉണ്ടായ ജനസംസ്‌കൃതിയും ഡൽഹി മലയാളി അസോസിയേഷനും എയ്മയുമെല്ലാം ഇത്തരത്തിൽ ഡൽഹി മലയാളിയുടെ സാംസ്‌കാരിക മുന്നേറ്റത്തിന് ഇന്നും ചുക്കാൻ പിടിച്ചു കൊണ്ടിരിക്കുന്നു. ഇ എം എസ് മുതൽ കെ എൻ പണിക്കർ വരെയുള്ളവർ ഡൽഹിയുടെ പൊതുജീവിതത്തിനെന്ന പോലെ മലയാളി ജീവിതത്തിനും ഒരു ഇടതുപക്ഷ സാംസ്‌കാരികത പകരാൻ ശ്രമിച്ചവരാണ്. 
മലയാളി എന്ന ആത്മസത്ത ഉൾക്കൊണ്ട് പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുന്ന മലയാളിസമൂഹം ഡൽഹിയിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. തൊഴിലിനായി ഡൽഹിയിൽ എത്തിയ മലയാളികൾ ഇവിടെ കലാസംഘങ്ങളും രൂപീകരിച്ചു. കേരളത്തിന്റെ കലാരൂപങ്ങളായ മോഹിനിയാട്ടത്തിനും കഥകളിക്കും ഇവിടെ ഇടമുണ്ടായി. ചെണ്ടമേളത്തിന്റെ താളവും ഡൽഹി മലയാളി മനസ്സിൽ സൂക്ഷിച്ചു. അതുകൊണ്ടുതന്നെ വർഷം തോറും ഡൽഹി മലയാളികൾ സർക്കാരിന്റെ നേതൃത്വത്തിൽ കേരള ഹൗസിൽ ഒത്തുകൂടി ഓണവും കേരളപ്പിറവിയും ആഘോഷിക്കുന്നു. ഡൽഹിയിലെ മലയാളികളായ കലാകാർ ഒത്തുകൂടുന്ന ഒരു വേദിയാണ് കേരള ഹൗസ്.
ട്രാവൻകൂർ പാലസും കപൂർത്തല പ്ലോട്ടും കൊച്ചിൻ ഹൗസും എല്ലാം ഉൾപ്പെട്ടതാണ് കേരള ഹൗസ്. കേരളത്തിന്റെ സംസ്‌കാരവും ചരിത്രവും കുടികൊള്ളുന്ന മണ്ണാണ് കേരള ഹൗസിന്റേത്. നൂറു വർഷങ്ങൾക്കു മുമ്പ് നിർമ്മിച്ച രണ്ടു ബംഗ്ലാവുകളാണ് ഇന്ന് ജന്തർ മന്തർ റോഡിൽ കൊച്ചിൻ ഹൗസെന്നും കോപ്പർനിക്കസ് മാർഗിൽ ട്രാവൻകൂർ പാലസെന്നും അറിയപ്പെടുന്നതും ഇപ്പോൾ കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതുമായ രണ്ട് ബംഗ്ലാവുകൾ. തിരുവിതാംകൂറിന്റെയും കൊച്ചിയുടെയും ഭരണകർത്താക്കൾ ബ്രിട്ടീഷ് ഗവർണർ ജനറലുമായുള്ള ദർബാറുകൾക്ക് ഡൽഹിയിലെത്തുമ്പോൾ താമസിക്കുന്നതിനാണ് ഇവ ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്. കപൂർത്തല പ്ലോട്ടും തിരുവിതാംകൂർ ഹൗസും വിട്ടുകിട്ടാൻ നമുക്ക് ഒരുപാടു നിയമക്കുരുക്കുകൾ അഴിച്ചെടുക്കേണ്ടി വന്നു. 
ആധുനിക ഇന്ത്യയുടെയും കേരളത്തിന്റെയും ചരിത്രത്തിൽ വലിയ പങ്കുവഹിച്ച പൈതൃക മന്ദിരങ്ങളാണിവ. 1903-1911 കാലയളവിൽ നിർമ്മിച്ച കൊച്ചിൻ ഹൗസിൽ താമസിച്ചാണ് ഡൽഹിയിലെ രാഷ്ട്രപതി ഭവനും പാർലമെന്റും ഇന്ത്യാഗേറ്റും സൗത്ത് ബ്ലോക്കും നോർത്ത് ബ്ലോക്കും അടങ്ങുന്ന ലുട്ട്യൻസ് മേഖലയ്ക്ക് അതിന്റെ ശില്പികളിൽ ഒരാളായിരുന്ന സജ്ജൻസിങും പുത്രൻ ശോഭാസിങും മേൽനോട്ടം വഹിച്ചത്. വൈകുണ്ഠ് എന്നറിയപ്പെട്ടിരുന്ന ആ കെട്ടിടത്തിലാണ് പ്രശസ്ത എഴുത്തുകാരൻ കുശ്വന്ത് സിങ് ജനിച്ചത്. അവരിൽ നിന്നാണ് കൊച്ചി രാജാവായിരുന്ന രാമവർമ്മ 1920 ൽ ഈ കെട്ടിടം വാങ്ങുന്നതും കൊച്ചി സ്‌റ്റേറ്റ് പാലസ് എന്ന് പേര് മാറ്റുന്നതും.
ട്രാവൻകൂർ പാലസ് നവീകരിക്കണമെന്നതും കേരളത്തിന്റെ ഡൽഹിയിലെ സാംസ്‌കാരിക കേന്ദ്രം എന്ന പ്രൗഢിയിലേക്ക് പാലസിനെ തിരിച്ചുകൊണ്ടു വരണമെന്നതും അനേക നാളായുള്ള ആവശ്യമായിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പ് തന്നെ ഈ പാലസ് ഒരു സാംസ്‌കാരിക കേന്ദ്രമായിരുന്നു എന്നതാണ് യാഥാർത്ഥ്യം. കേരളത്തിന്റെ ചരിത്രവും സാംസ്‌കാരികത്തനിമയും വിളിച്ചോതുന്ന ഒരു സാംസ്‌കാരിക സമുച്ചയമായാണ് ഇത് നവീകരിക്കപ്പെട്ടിരിക്കുന്നത്. നാടകങ്ങളും കലാപരിപാടികളും നടത്താൻ കഴിയുന്ന ആംഫി തിയേറ്ററും ലൈറ്റ് ആൻഡ് സൗണ്ട് ഷോകളും കോൺഫറൻസ് ഹാളും സെമിനാർ ഹാളും കേരളീയ വിഭവങ്ങൾ ലഭിക്കുന്ന റസ്റ്റോറന്റും ദില്ലി ഹാട്ട് മാതൃകയിൽ കേരളത്തിൽ നിന്നുള്ള കരകൗശല ഉല്പന്നങ്ങളും മറ്റും വിപണനം ചെയ്യാൻ കഴിയുന്ന സ്റ്റാളുകളും ആർട്ട് ഗ്യാലറികളും എല്ലാം ഉൾപ്പെട്ട ഒരു സാംസ്‌കാരിക സമുച്ചയമാണ് ഇവിടെ വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുക.
നവീകരിച്ച ട്രാവൻകൂർ പാലസിന്റെയും കേരള ഹൗസിന്റെയും പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിന് കേരള ഹൗസിന്റെ വെബ്‌സൈറ്റ് രൂപകല്പന ചെയ്തിട്ടുണ്ട്. ഇവിടെ ക്രമീകരിച്ചിരിക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ കേരളചരിത്രം പറയുന്ന ആദ്യത്തെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ആണ്. കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളോടെ ട്രാവൻകൂർ ഹൗസ് പ്ലോട്ട് വികസിപ്പിക്കുന്നത് സർക്കാരിന്റെ ആലോചനയിലുണ്ട് എന്ന് അറിയിക്കട്ടെ. ട്രാവൻകൂർ പാലസിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ റസിഡന്റ് കമ്മീഷണറെയും വർക്ക് ഏറ്റെടുത്ത എൻ ബി സി സി സർവീസ് ലിമിറ്റഡിനെയും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച കേരള ഹൗസ് ജീവനക്കാരെയും അഭിനന്ദനം അറിയിക്കുന്നു. 
ഇതെല്ലാം കേരളത്തെക്കുറിച്ച് ലോകമാകെയുള്ള മലയാളികൾക്ക്, പ്രത്യേകിച്ച് ഡൽഹിയിലുള്ള മലയാളികൾക്ക്, അഭിമാനം പകരുന്ന കാര്യങ്ങളാണ്. നമ്മൾ എല്ലാവരും കേരളീയരാണ് എന്ന കാര്യത്തിൽ നമുക്കു വലിയ അഭിമാനവും കേരളം എന്ന ആശയത്തെ ശക്തിപ്പെടുത്താൻ വലിയ ഉത്സാഹവും ഉണ്ടാവേണ്ട ഘട്ടമാണിത്. കാരണം, കേരളത്തെ താറടിച്ചു കാണിക്കാനും രാജ്യത്തിനാകെ മാതൃകയായ നമ്മുടെ നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടാനും ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്ന കാലമാണിത്. 
കേരളം നമ്മുടെ എല്ലാവരുടെയും പൊതുസ്വത്താണ്. മഹത്തായ നവോത്ഥാന പാരമ്പര്യവും ഉന്നതമായ മതനിരപേക്ഷ ബോധവുമുൾപ്പെടെയുള്ള കേരളത്തിന്റെ എല്ലാ സവിശേഷതകളും നമ്മുടെ എല്ലാവരുടെയും പൈതൃകമാണ്. അതിനെ സംരക്ഷിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണ്. ആ കർമ്മബോധം നമ്മിൽ എല്ലാവരിലും ഉണർത്താൻ ഉതകട്ടെ ഇവിടെ നടക്കുന്ന നവീകരണ പ്രവർത്തനങ്ങൾ എന്ന് ആശംസിക്കുന്നു.  

 

 

Application developed & supported by XOCORTX © Content managed by Kerala House, New Delhi. Some Restrictions May Apply.