Kerala Minister for Agriculture P Prasad meets Union Agriculture and Farmers Welfare minister Narendra Singh Tomar at Krishi Bhawan

Kerala Minister for Agriculture P Prasad  meets Union Agriculture and Farmers Welfare minister  Narendra Singh Tomar at Krishi Bhawan

03-08-2023

കൊപ്ര സംഭരണത്തിനുള്ള സംസ്ഥാനതല ഏജൻസിയായി കേരഫെഡിനെ അനുവദിക്കണം: കൃഷി മന്ത്രി പി പ്രസാദ്

ന്യൂഡൽഹി: കേരഫെഡിനെ കൊപ്ര സംഭരണത്തിൽ നിന്നും കേന്ദ്രസർക്കാർ ഒഴിവാക്കിയത് പുന:പരിശോധിക്കണമെന്നും, കൊപ്ര സംഭരണത്തിനുള്ള സംസ്ഥാനതല ഏജൻസിയായി കേരഫെഡിനെ അനുവദിക്കണമെന്നും കൃഷി മന്ത്രി പി പ്രസാദ് ആവശ്യപ്പെട്ടു. കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്രസിങ് തോമറുമായി നേരിട്ട് നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ ഉന്നയിച്ചത്. ഇതിനു പുറമെ, കേരഫെഡ് വഴി കൊപ്ര സംഭരണവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഉൾപ്പെട്ട കത്തും ഇന്നലെ കേന്ദ്രമന്ത്രിക്ക് കൃഷിമന്ത്രി കൈമാറി.

903 പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെയും നാല് പ്രാഥമിക സഹകരണ വിപണന സംഘങ്ങളെയും പ്രതിനിധീകരിക്കുന്ന കേരഫെഡ് കഴിഞ്ഞ കുറേ വർഷങ്ങളായി വിവിധ സഹകരണ സംഘങ്ങൾ മുഖേന കർഷകരിൽ നിന്ന് തേങ്ങയും കൊപ്രയും താങ്ങുവിലയിൽ സംഭരിച്ചിരുന്നു. സംസ്ഥാന ഏജൻസിയായ കേരഫെഡിനെ സർക്കാർ കൊപ്ര സംഭരണ ഏജൻസിയായി പ്രഖ്യാപിച്ചുവെങ്കിലും, സ്വന്തമായി നാളികേര ഉൽപന്നങ്ങൾ ഉത്പാദിപ്പിക്കുന്ന ഒരു ഏജൻസി എന്നതിനാൽ കൊപ്ര സംഭരണത്തിൽ നിന്ന് കേരഫെഡിനെ നാഫെഡ് ഒഴിവാക്കി. അതിനാൽ 255 മെട്രിക് ടൺ കൊപ്ര മാത്രമാണ് നാഫെഡ് കഴിഞ്ഞ സീസണിൽ സംഭരിച്ചത്. 50,000 മെട്രിക് ടൺ കൊപ്രയാണ് സംഭരിക്കേണ്ടിയിരുന്നത്.

സംസ്ഥാനത്തെ കൊപ്ര സംഭരണം പൂർണമായും സുതാര്യമാക്കുന്നതിന്, എല്ലാ വ്യക്തിഗത കർഷകരുടെയും നാളികേരത്തിന്റെ വിസ്തൃതിയും ഉൽപാദനവും അതത് പഞ്ചായത്തിലെ കൃഷി ഓഫീസർ സാക്ഷ്യപ്പെടുത്തുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. കൊപ്ര സംഭരിക്കുന്നതിനും സ്വന്തം ഉപയോഗത്തിനുമായി കേരഫെഡ് പ്രത്യേക വെയർഹൗസുകൾ പരിപാലിക്കണമെന്നും, സ്വന്തമായി കൊപ്ര സംസ്കരിക്കാത്ത പ്രാഥമിക സഹകരണ സംഘങ്ങൾ, കാർഷികോത്പാദന സംഘടനകൾ, കർഷക കൂട്ടായ്മകൾ എന്നിവയിലൂടെ മാത്രം കൊപ്ര സംഭരിക്കുമെന്നുമുള്ള കേരഫെഡിൽ നിന്നുള്ള ഉറപ്പിന്മേൽ കൊപ്ര സംഭരണത്തിൽ കേരഫെഡിനെ ഉൾപ്പെടുത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുവാനാണ് മന്ത്രി ആവശ്യപ്പെട്ടത്. കൊപ്ര സംഭരണത്തിനായി കേരഫെഡിനെ സംസ്ഥാന സംഭരണ ഏജൻസിയായി അനുവദിക്കുന്നതിലൂടെ കേരളത്തിലെ നാളികേര കർഷകർക്ക് മികച്ച വില ലഭിക്കുമെന്നും, സീസണിൽ പരമാവധി സംഭരണം ഉറപ്പാക്കുവാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Application developed & supported by XOCORTX © Content managed by Kerala House, New Delhi. Some Restrictions May Apply.