Kerala House Resident Commissioner Shri. Saurabh Jain evaluates Kerala Pavilion at G-20 Summit
08-09-2023
Kerala Pavilion Opened at G-20 Summit
ജി. 20 ഉച്ചകോടിയിൽ കേരളത്തിന്റെ പവലിയൻ തുറന്നു
ന്യൂഡൽഹി: ഡൽഹി പ്രഗതി മൈതാനിൽ നടക്കുന്ന ജി. 20 രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയിൽ കേരളത്തിന്റെ പവലിയൻ ഒരുങ്ങി. ഓരോ സംസ്ഥാനത്തിന്റെയും റസിഡന്റ് കമ്മീഷണർമാർക്കാണ് ഏകോപനച്ചുമതല. കേരള ഹൗസ് റസിഡന്റ് കമ്മീഷണർ സൗരഭ് ജെയിൻ പവലിയനിലെ ഒരുക്കങ്ങൾ വിലയിരുത്തി. സംസ്ഥാനത്തിന്റെ 100 ൽ അധികം വരുന്ന കരകൗശല വസ്തുക്കളാണ് പവലിയനിൽ ക്രമീകരിച്ചിട്ടുള്ളത്. കേരളത്തിന്റെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന രീതിയിൽ വിഷുക്കണി, തൃശൂർപൂരം തുടങ്ങി വിവിധ ആശയങ്ങളിലാണ് കരകൗശല വസ്തുക്കൾ സജ്ജീകരിച്ചിട്ടുള്ളത്. ഭൗമ സൂചിക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ആറന്മുള കണ്ണാടി, ബാലരാമപുരം കൈത്തറി, മറയൂർ ചന്ദനത്തൈലം, ചിരട്ട കൊണ്ടുള്ള കരകൗശല വസ്തുക്കൾ, ആമാടപ്പെട്ടി, നെറ്റിപ്പട്ടം, പള്ളിയോടങ്ങൾ തുടങ്ങി കേരളത്തിന്റെ തനിമയും പൈതൃകവും വിളിച്ചോതുന്ന കരകൗശല വസ്തുക്കളാണ് കേരളത്തിന്റെ പവലിയനിൽ ഉള്ളത്. ജി. 20 ഉച്ചകോടിയിൽ ഒരുക്കിയിരിക്കുന്ന ഭാരത് മണ്ഡപത്തിന് സമീപമാണ് കരകൗശല ബാസാർ. സംസ്ഥാന വ്യവസായ വകുപ്പിനു കീഴിൽ സംസ്ഥാന കരകൗശല വികസന കോർപ്പറേഷനാണ് പവലിയൻ ഒരുക്കിയത്. കരകൗശല വികസന കോർപ്പറേഷനിലെ കൊമേഴ്സ്യൽ മാനേജർ റിജിലിന്റെ നേതൃത്വത്തിൽ
ഡൽഹിയിലെ കൈരള എംപോറിയത്തിലെ ജീവനക്കാരാണ് പവലിയനിൽ കരകൗശല വസ്തുക്കൾ ഒരുക്കിയിട്ടുള്ളത്.