05-08-2023
സാമൂഹികവും സാംസ്‌കാരികവുമായ ബഹുസ്വരത പ്രസരിപ്പിക്കുന്ന കേന്ദ്രമായി മാറും ട്രാവൻകൂർ പാലസ് : മുഖ്യമന്ത്രി
ന്യൂഡൽഹി: സാമൂഹികവും സാംസ്‌കാരികവുമായ ബഹുസ്വര തയക്ക് വൻ പ്രാധാന്യമുള്ള കാലത്താണ് നാം കഴിയുന്നത് . ബഹുവർണ്ണശബളമായ സാംസ്‌കരിക വൈവിധ്യങ്ങൾക്ക് നേരെ കടുത്ത അക്രമണമാണ് ഉണ്ടാക്കുന്നത്. ഏകതാനത കൊണ്ട് എല്ലാത്തിനേയും ബലം പ്രയോഗിച്ച് ഒന്നാക്കുന്നതിന്റെ കത്തുന്ന ഉദാഹരണമാണ് മണിപ്പൂരിൽ നിന്നടക്കം നാം കാണുന്നത്. വിദ്വേഷത്തിന്റെ പുക ഉയരുന്ന നാടുകൾക്ക് ജന വിഭാഗങ്ങൾക്ക് കേരളത്തിന്റെ ഒരുമയും സൗഹൃദവും സാഹോദര്യവും പരിചയപ്പെടുത്തി കൊടുക്കാൻ കഴിയണം. ബഹുവർണ ശബളമായ കേരളിയ സാംസ്‌കാരിക ചൈതന്യം പ്രസരിപ്പിക്കുന്ന സാംസ്‌കാരിക കേന്ദ്രമായി ഉയർന്ന് നിൽക്കണം ട്രാവൻകൂർ പാലസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . നവീകരിച്ച ട്രാവൻകൂർ പാലസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ .
കേരള ഹൗസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://keralahouse.kerala.gov.in ന്റെ ഉദ്ഘാടനവും ചടങ്ങിൽ മുഖ്യമന്ത്രി നിർവ്വഹിച്ചു. ധനമന്ത്രി കെ.എൻ ബാലഗോപാൽ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ - ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ, നിയമ- വ്യവസായവകുപ്പ് മന്ത്രി പി.രാജീവ്, കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
എം.പി.മാരായ എളമരം കരീം , ബിനോയ് വിശ്വം, അബ്ദുൾ വഹാബ് , ജോൺ ബ്രിട്ടാസ്, സന്തോഷ് കുമാർ, എ.എം ആരിഫ് , എ എ റെഹിം എന്നിവർ ചടങ്ങിൽ പ്രത്യേകം ക്ഷണിതാക്കളായിരുന്നു. ഓം ചേരി എൻ. എൻ പിള്ള , വിനോദ് കമ്മാളത്ത്, കെ. രഘുനാഥ് , എ.എൻ ദാമോദരൻ, ബാബുപണിക്കർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
കേരള പ്രഭ ജേതാവും ശതാഭിഷക്തനുമായ ഓം ചേരി എൻ. എൻ പിള്ള, പ്രശസ്ത ശാസ്ത്രീയ നർത്തകരായ ഡോ. രാജശ്രീ വാര്യർ ജയപ്രഭ മേനോൻ എന്നിവരേയും മുഖ്യമന്ത്രി വേദിയിൽ ആദരിച്ചു. എൻ.ബി സി.സി. സി. ഇ ഒ സഞ്ജയ് ഗുപ്ത , നിതിൻ കോഹ്ലി എന്നിവരെയും വേദിയിൽ ആദരിച്ചു.
ചീഫ് സെക്രട്ടറി ഡോ. വി വേണു സ്വാഗതം പറഞ്ഞു. കേരള ഹൗസ് റെസിഡന്റ് കമ്മീഷണർ സൗരഭ് ജെയിൻ റിപ്പോർട്ട് അവതരിപ്പിച്ചു. കേരള ഹൗസ് കൺട്രോളർ സി.എ. അമീർ നന്ദി പറഞ്ഞു. തുടർന്ന് പ്രശസ്ത ശാസ്ത്രീയ നർത്തകരായ ഡോ. രാജശ്രീ വാര്യർ ഭരതനാട്യവും ജയപ്രഭ മേനോൻ മോഹിനിയാട്ടവും അവതരിപ്പിച്ചു.